سجود السهو


മറവിയുടെ സുജൂദ്

 


നബി ﷺക്ക് നിസ്‌കാരത്തിൽ മറവി സംഭവിച്ചതായി സ്ഥിരപ്പെട്ട ഹദീസുകളിൽ വന്നിട്ടുണ്ട്.
«إِنَّمَا أَنَا بَشَرٌ أَنْسَى كَمَا تَنْسَوْنَ، فَإِذَا نَسِيتُ فَذَكِّرُونِي» صحيح؛ الجامع الصغير: 2339، قطعة من رواية البخاري: 399)
നബി ﷺ തിരുമേനി പറഞ്ഞു: “ഞാൻ നിങ്ങൾക്കൊക്കെ മറവി പറ്റാറുള്ളതു പോലെ മറക്കുന്ന ഒരു മനുഷ്യൻ മാത്രം. എനിക്ക് മറവി സംഭവിച്ചതായിക്കണ്ടാൽ നിങ്ങൾ എന്നെ ഉണർത്തുവീൻ.”
നിസ്‌കാര വേളയിൽ മറവി സംഭവിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ഹദീസുകളിൽ വന്നതു പോലെ ചെയ്യുക.
1. ഫർദു നിസ്‌കാരങ്ങളിലെ ഒന്നാമത്തെ തശഹ്ഹുദിൽ ഇരിക്കാതെ മറന്നു എഴുന്നേറ്റാൽ
عَنْ عَبْدِ اللهِ بْنِ بُحَيْنَةَ h، قَالَ: صَلَّى لَنَا رَسُولُ اللهِ ﷺ رَكْعَتَيْنِ مِنْ بَعْضِ الصَّلَوَاتِ. ثُمَّ قَامَ فَلَمْ يَجْلِسْ فَقَامَ النَّاسُ مَعَهُ فَلَمَّا قَضَىٰ صَلاَتَهُ وَنَظَرْنَا تَسْلِيمَهُ كَبَّرَ، فَسَجَدَ سَجْدَتَيْنِ وَهُوَ جَالِسٌ، قَبْلَ التَّسْلِيمِ. ثُمَّ سَلَّمَ. (متفق عليه، البخاري: 1224، مسلم: 570، النسائي: 3/19: أبوداود: 1021)
അബ്ദില്ലാഹിബിൻ ബുഹൈന h നിവേദനം: “ഞങ്ങളോടൊത്തുള്ള ഏതോ നിസ്‌കാരത്തിൽ നബി ﷺ രണ്ടുറക്അത്ത് നിസ്‌കരിക്കുകയും ഇരിക്കാൻ മറന്നു എഴുന്നേൽക്കുകയുമുണ്ടായി. ആളുകളും നബി ﷺയോടൊന്നിച്ച് എഴുന്നേറ്റു. നിസ്കാരത്തിന്റെ അവസാനത്തിൽ നബി ﷺ സലാം വീട്ടുന്നത് ഞങ്ങൾ കാത്തിരുന്നു. എന്നാല്‍, സലാം വീട്ടുന്നതിനു മുമ്പായി തക്ബീർ ചൊല്ലി രണ്ടു സുജൂദുകൾ നിർവ്വഹിച്ച ശേഷമേ നബി ﷺ സലാം വീട്ടിയതുള്ളൂ.”
عَنِ الْمُغِيرَةِ بْنِ شُعْبَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «إِذَا قَامَ الْإِمَامُ فِي الرَّكْعَتَيْنِ، فَإِنْ ذَكَرَ قَبْلَ أَنْ يَسْتَوِيَ قَائِمًا فَلْيَجْلِسْ، فَإِنِ اسْتَوَى قَائِمًا فَلَا يَجْلِسْ، وَيَسْجُدْ سَجْدَتَيِ السَّهْوِ» صحيح؛ (أبوداود: 1023، ابن ماجه: 1208)
മുഗീറ ബിൻ ശുഅ്ബ h നിവേദനം: നബി ﷺ പറഞ്ഞു: “രണ്ടു റക്അത്തുകൾ കഴിഞ്ഞ് തശഹ്ഹുദിനു ശേഷം ഇരിക്കാതെ ആരെങ്കിലും എഴുന്നേറ്റാൽ എഴുന്നേറ്റ് പൂർണ്ണമായി നിന്നിട്ടില്ലെങ്കിൽ ഇരുത്തത്തിലേക്കു മടങ്ങട്ടെ. പൂർണമായി എഴുന്നേറ്റു നിന്ന ശേഷമാണ് ഓർമ്മയാവുന്നതെങ്കിൽ ഇരിക്കേണ്ടതില്ല, പകരം മറവിയുടെ രണ്ടു സുജൂദുകൾ നിർവ്വഹിക്കട്ടെ.”
2. നാലു റക്അത്തുള്ള നിസ്‌കാരം അഞ്ചു റക്അത്ത് നിസ്‌കരിച്ചാൽ
إِبْرَاهِيمَ عَنْ عَلْقَمَةَ عَنْ عَبْدِ اللهِ ، أَنَّ النَّبِيَّ صَلَّى الظُّهْرَ خَمْساً. فَلَمَّا سَلَّمَ قِيلَ لَهُ: أَزيدَ فِي الصَّلاَةِ؟ قَالَ: «وَمَا ذَاكَ؟» قَالُوا: صَلَّيْتَ خَمْساً. فَسَجَدَ سَجْدَتَيْنِ. (متفق عليه، البخاري: 1226، مسلم: 572، أبوداود: 1006، الترمذي: 397)
അബ്ദില്ലാഹ് ബിൻ മസ്ഉൂദ്‌ h നിവേദനം: “നബി ﷺ ദുഹർ അഞ്ചു റക്അത്ത് നിസ്‌കരിക്കുകയുണ്ടായി. അപ്പോൾ ചിലർ നബി ﷺയോട് ചോദിക്കുകയുണ്ടായി, അല്ലാഹുവിന്റെ ദൂതരേ, നിസ്‌കാരം വർധിപ്പിച്ചിട്ടുണ്ടോ? നബി ﷺ ചോദിക്കുകയുണ്ടായി: അതെന്താണ്? അവർ പറഞ്ഞു: താങ്കൾ അഞ്ചു റക്അത്താണല്ലോ നിസ്‌കരിക്കുകയുണ്ടായത്. ഉടനെ നബി ﷺ രണ്ടു സുജൂദുകൾ ചെയ്യുകയുണ്ടായി.”
3. രണ്ടാമത്തേയോ മൂന്നാമത്തേയോ റക്അത്തുകളിൽ സലാം വീട്ടിയാൽ എന്തു ചെയ്യണം?
عَنْ أَبِي هُرَيْرَةَ h: أَنَّ رَسُولَ اللهِ ﷺ انْصَرَفَ مِنَ اثْنَتَيْنِ، فَقَالَ لَهُ ذُو اليَدَيْنِ: أَقَصُرَتِ الصَّلاَةُ، أَمْ نَسِيتَ يَا رَسُولَ اللهِ؟ فَقَالَ رَسُولُ اللهِ ﷺ: «أَصَدَقَ ذُو اليَدَيْنِ؟» فَقَالَ النَّاسُ: «نَعَمْ، فَقَامَ رَسُولُ اللهِ ﷺ فَصَلَّى اثْنَتَيْنِ أُخْرَيَيْنِ، ثُمَّ سَلَّمَ، ثُمَّ كَبَّرَ، فَسَجَدَ مِثْلَ سُجُودِهِ أَوْ أَطْوَلَ، ثُمَّ رَفَعَ». (متفق عليه، البخاري: 1228، مسلم: 573، أبوداود: 995، الترمذي: 397)
അബൂഹുറൈറ h നിവേദനം: “നബി ﷺ രണ്ടു റക്അത്തുകൾ നിസ്‌കരിച്ച് സലാം വീട്ടുകയുണ്ടായി. അപ്പോൾ ദുൽയദൈനി എഴുന്നേറ്റ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ താങ്കൾ മറന്നതോ അതല്ല നിസ്‌കാരം ഖസ്വ്‌ർ ആക്കിയോ? അപ്പോൾ നബി ﷺ ചോദിക്കുകയുണ്ടായി: ദുൽയദൈൻ പറയുന്നത് ശരി തന്നെയാണോ ?ആളുകൾ പറഞ്ഞു: ശരി തന്നെയാണത്, നബി ﷺ എഴുന്നേറ്റ് രണ്ടു റക്അത്തുകൾ കൂടി നിസ്‌കരിക്കുകയും സലാം വീട്ടുകയും ചെയ്‌തു. ശേഷം രണ്ടു സൂജൂദുകൾ ചെയ്‌തു തല ഉയർത്തുകയുണ്ടായി. (അവസാനത്തെ റക്അത്തിൽ) ചെയ്‌ത സുജൂദുകളുടെ പോലെ തന്നെയായിരുന്നു ആ സുജൂദുകളും.”
عَنْ عِمْرَانَ بْنِ حُصَيْنٍ h، أَنَّ رَسُولَ اللهِ ﷺ صَلَّى الْعَصْرَ، فَسَلَّمَ فِي ثَلَاثِ رَكَعَاتٍ، ثُمَّ دَخَلَ مَنْزِلَهُ، فَقَامَ إِلَيْهِ رَجُلٌ يُقَالُ لَهُ الْخِرْبَاقُ، وَكَانَ فِي يَدَيْهِ طُولٌ، فَقَالَ: يَا رَسُولَ اللهِ فَذَكَرَ لَهُ صَنِيعَهُ، وَخَرَجَ غَضْبَانَ يَجُرُّ رِدَاءَهُ، حَتَّى انْتَهَى إِلَى النَّاسِ، فَقَالَ: أَصَدَقَ هَذَا قَالُوا: نَعَمْ، «فَصَلَّى رَكْعَةً، ثُمَّ سَلَّمَ، ثُمَّ سَجَدَ سَجْدَتَيْنِ، ثُمَّ سَلَّمَ»
(صحيح؛ مسلم 574، أبوداود 1005)
ഇംറാൻ ബിൻ ഹുസൈനിൽ hവിൽ നിന്ന് നിവേദനം: “നബി ﷺ അസർ നിസ്‌കാരത്തിൽ മൂന്നു റക്അത്തുകൾ നിസ്‌കരിച്ച് സലാം വീട്ടുകയും വീട്ടിലേക്കു കയറുകയുമുണ്ടായി, അപ്പോൾ ഖിർബാഖ് എന്നു പേരുള്ള ഒരാൾ, അയാളുടെ കയ്യിന് അൽപം നീളം കൂടുതലുണ്ടായിരുന്നു, എഴുന്നേറ്റ് നിന്നു നബി ﷺയോട് നിസ്‌കാരത്തെ കുറിച്ച് പറഞ്ഞു: അപ്പോൾ കോപാകുലനായി തന്റെ മേൽ മുണ്ട് വലിച്ചിഴച്ചു ജനങ്ങളുടെയടുത്തേക്കു വന്നു, അവരോട് ചോദിച്ചു ഇയാൾ പറയുന്നതു ശരിയാണോ അവർ പറഞ്ഞു: അതെ ശരിയാണ്. അപ്പോൾ നബി ﷺ എഴുന്നേറ്റ് ഒരു റക്അത്ത് കൂടി നിസ്‌കരിക്കുകയും രണ്ടു സൂജൂദുകൾ കൂടി ചെയ്‌തു സലാം വീട്ടുകയുമുണ്ടായി.”
4. എത്ര റക്അത്ത് നിസ്‌കരിച്ചുവെന്ന് അറിയാതിരുന്നാൽ
عَنْ عَلْقَمَةَ h، قَالَ: قَالَ عَبْدُ اللهِ: صَلَّى رَسُولُ اللهِ ﷺ قَالَ إِبْرَاهِيمُ: فَلَا أَدْرِي أَزَادَ أَمْ نَقَصَ؟ فَلَمَّا سَلَّمَ قِيلَ لَهُ: يَا رَسُولَ اللهِ أَحَدَثَ فِي الصَّلاَةِ شَيْءٌ؟ قَالَ: «وَمَا ذَاكَ؟» قَالُوا: صَلَّيْتَ كَذَا وَكَذَا. قَالَ فَثَنَىٰ رِجْلَيْهِ، وَاسْتَقْبَلَ الْقِبْلَةَ، فَسَجَدَ سَجْدَتَيْنِ، ثُمَّ سَلَّمَ. ثُمَّ أَقْبَلَ عَلَيْنَا بِوَجْهِهِ فَقَالَ: «إِنَّهُ لَوْ حَدَثَ فِي الصَّلاَةِ شَيْءٌ أَنْبَأْتُكُمْ بِهِ. وَلٰكِنْ إِنَّمَا أَنَا بَشَرٌ أَنْسَىٰ كَمَا تَنْسَوْنَ. فَإِذَا نَسِيتُ فَذَكِّرُونِي. وَإِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ فَلْيَتَحَرَّ الصَّوَابَ. فَلْيُتِمَّ عَلَيْهِ ثُمَّ لِيَسْجُدْ سَجْدَتَيْنِ».
(متفق عليه، البخاري: 401، مسلم: 572، أبوداود: 1007، ابن ماجه: 1211)
അൽഖമ ഇബ്നു മസ്ഊദ് h നിവേദനം ചെയ്യുന്നു: “ഒരിക്കൽ നിസ്‌കാരത്തിൽ കൂട്ടുകയോ കുറക്കുകയോ ചെയ്‌തു കൊണ്ട് നബി ﷺ നിസ്‌കരിച്ചു അൽഖമ പറയുന്നു ഇബ്നു മസ്ഊദ് പറഞ്ഞതു ഞാൻ ഓർക്കുന്നില്ല, സലാം വീട്ടിയപ്പോൾ ഒരാൾ ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരെ നിസ്‌കാരത്തിൽ വല്ല മാറ്റവും വരുത്തിയിട്ടുണ്ടോ? നബി ﷺ ചോദിച്ചു: അതെന്താണ്? അവർ പറഞ്ഞു: താങ്കൾ ഇന്നിന്ന പ്രകാരമാണല്ലോ നിസ്‌കരിച്ചിട്ടിട്ടുള്ളത്. അപ്പോൾ നബി ﷺ ഖിബ്‌ലയിലേക്കു തിരിഞ്ഞു രണ്ടു സൂജൂദുകൾ ചെയ്‌തു സലാം വീട്ടി എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു പറഞ്ഞു: നിസ്‌കാരത്തിൽ വല്ല മാറ്റവും വരുന്നുവെങ്കിൽ ഞാൻ അത് നിങ്ങളെ (മുൻകൂട്ടി) അറിയിക്കാതിരിക്കില്ല, പക്ഷേ, ഞാൻ മനുഷ്യനാണ് നിങ്ങളെല്ലാവരും മറക്കാറുള്ളതു പോലെ ഞാനും മറക്കുന്നു. ഞാൻ മറന്നാൽ നിങ്ങൾ എന്നെ ഓർമ്മിപ്പിക്കുക. ആരെങ്കിലും നിസ്‌കാരത്തിൽ എത്ര റക്അത്ത് നിസ്‌കരിച്ചു എന്നു സംശയിച്ചാൽ പരമാവധി ഉറപ്പുള്ളതു തെരെഞ്ഞെടുത്ത് അതിന്മേൽ അവലംബിക്കുകയും ബാക്കി പൂർത്തിയാക്കുകയും ചെയ്യട്ടെ. അവസാനം (മറവിയുടെ) രണ്ടു സുജൂദുകൾ നിർവ്വഹിക്കുകയും ചെയ്യട്ടെ.”
ഏറ്റവും ശരിയായതു കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ പല രൂപത്തിലുണ്ട്. ഉദാഹരണത്തിന്, നിസ്‌കാരത്തിൽ പാരായണം ചെയ്‌ത സൂറത്തുകളുടെ കാര്യം ആലോചിക്കുക രണ്ടു സൂറത്തുകൾ പാരായണം ചെയ്‌തിട്ടുണ്ടെങ്കിൽ രണ്ടു റക്അത്തുകൾ ആയിരിക്കുമല്ലോ, അത്തഹിയ്യാത്തിൽ ഇരുന്നത് ഓർമ്മയുണ്ടെങ്കിൽ രണ്ടു റക്അത്ത് ആയിട്ടുണ്ട് ഒന്നല്ല എന്നു മനസ്സിലാക്കാം, ചിലപ്പോൾ രണ്ടു തവണ ഫാത്തിഹ മാത്രം പാരായണം ചെയ്‌തതു ഓർമയുണ്ടെങ്കിൽ നാലു റക്അത്തുകൾ നിസ്‌കരിച്ചുവെന്ന് ഉറപ്പിക്കാം. അപ്രകാരം കൂടുതൽ ഉറപ്പുള്ള സംഗതികളായിരിക്കണം അവലംബമാക്കേണ്ടത്. തനിച്ചു നിസ്‌കരിക്കുന്നവനും ഇമാമുമൊക്കെ ഈ വിഷയത്തിൽ സമമാണ്. (മജ്മൂഅ് ഫതാവ ഇബ്നു തൈമിയ്യ മഅ തസ്വറുഫ്: 23/13)
എത്ര ശ്രമിച്ചിട്ടും എത്രയായി എന്നു നിശ്ചയമാവുന്നില്ലെങ്കിൽ ഏറ്റവും ഉറപ്പുള്ള (കുറവ്) എണ്ണം പരിഗണിക്കേണ്ടതാണ്
عَنْ أَبِي سَعِيدٍ الْخُدْرِيِّ h، قَالَ: قَالَ رَسُولُ اللهِ ﷺ: «إِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ فَلَمْ يَدْرِ كَمْ صَلَّى؟ ثَلاَثًا أَمْ أَرْبَعًا؟ فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ، ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ. فَإِنْ كَانَ صَلَّى خَمْسًا، شَفَعْنَ لَهُ صَلاَتَهُ، وَإِنْ كَانَ صَلَّى إِتْمَاماً لأَرْبَعٍ، كَانَتَا تَرْغِيماً لِلشَّيْطَانِ». صحيح؛ (مسلم: 571، أبوداود: 1011، النسائي: 3/27)
“അബൂസഈദ് അൽ ഖുദ്‌രി h നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിസ്‌കരിക്കുമ്പോൾ എത്ര റക്അത്തുകൾ (നാലോ അഞ്ചോ) നിസ്‌കരിച്ചുവെന്ന് സംശയമുണ്ടായാൽ സംശയമുള്ളത് ഉപേക്ഷിക്കുകയും ഉറപ്പുള്ളത് അവലംബിക്കുകയും ചെയ്യട്ടെ, ശേഷം മറവിയുടെ രണ്ടു സുജൂദുകൾ നിർവ്വഹിക്കുകയും ചെയ്യട്ടെ. അഞ്ചു റക്അത്തുകളാണ് നിസ്‌കരിച്ചിട്ടുള്ളതെങ്കിൽ ആ സുജൂദ് വഴി അത് ഇരട്ടയാവുന്നതും അതല്ല നാലു തന്നെയായിരുന്നുവെങ്കിൽ അത് വഴി പിശാചിന് നിന്ദ്യതയുണ്ടാകുകയും ചെയ്യും.”