حكم سجود السهو


മറവിയുടെ സുജൂദിന്റെ വിധി

 


മറവി സംഭവിച്ചപ്പോഴെല്ലാം നബി ﷺ സുജൂദ് ചെയ്യുകയും, മറക്കുന്നവരോട് സുജൂദ് ചെയ്യാൻ കൽപിക്കുകയും ചെയ്‌തിട്ടുണ്ട് എന്നതിനാൽ മറവിയുടെ സുജൂദുകൾ നിർബന്ധമാണെന്നു മനസ്സിലാക്കാം
എപ്പോഴാണ് സുജൂദ് ചെയ്യേണ്ടേത് ?
തദ്‌വിഷയത്തിലെ ഏറ്റവും പരിഗണനീയമായ അഭിപ്രായം താഴെ പറയുന്നതാണ്;
നിസ്‌കാരത്തിൽ വല്ലതും വിട്ടു പോയതിനാണ് സുജൂദ് ചെയ്യുന്നതെങ്കിൽ, (ഉദാഹരണത്തിന്, അത്തഹിയ്യാത്ത്) അത് സലാം വീട്ടുന്നതിനു മുമ്പ് തന്നെ ആകേണ്ടതാണ്.അത്തരം സന്ദർഭങ്ങളിൽ നിസ്‌കാരത്തിൽ കുറവു വന്നിരിക്കുന്നു, എന്നതിനാൽ പരിഹാരമാണ് ആവശ്യം, അത് സലാം വീട്ടുന്നതിനു മുമ്പാണല്ലോ വേണ്ടത്.
നിസ്‌കാരത്തിൽ അധികമായി വല്ലതും ചെയ്‌തതിനാണ് സുജൂദ് ചെയ്യുന്നതെങ്കിൽ, ഉദാഹരണത്തിന് ഒരു റക്അത്തോ സൂജൂദോ റുകൂഓ ഒക്കെയാണ് അധികമായി ചെയ്‌തിട്ടുള്ളതെങ്കിൽ, സലാം വീട്ടിയ ശേഷമാണ് സുജൂദ് ചെയ്യേണ്ടത്. രണ്ടു വർദ്ധനവുകൾ (ഒന്ന് മറവിയുടെയും മറ്റൊന്ന് പരിഹരിക്കുന്നതിനു വേണ്ടിയുള്ള സുജൂദിന്റേതും കൂടിയാകുമ്പോൾ) അത് ചേർച്ചയില്ലായ്‌മയാണ്. സലാം വീട്ടിയ ശേഷമാകുമ്പോൾ നിസ്‌കാരം കൃത്യമാകുകയും അധികം വരുന്ന രണ്ടു സുജൂദുകൾ പിശാചിനു് പ്രയാസ്സമാവുകയും ചെയ്യും.
നിസ്‌കാരത്തിൽ സംശയമുണ്ടാകുകയും കൂടുതലോ കുറവോ എന്നു സംശയിച്ച് കുറവുള്ള എണ്ണം പരിഗണിക്കുമ്പോഴും സലാം വീട്ടിയ ശേഷം തന്നെയാണ് സുജൂദുകൾ ചെയ്യേണ്ടത്. കാരണം, അതിൽ നിസ്‌കാരം കൃത്യമായി എന്നുറപ്പുണ്ടാകുകയും അധികമായി ചെയ്‌തിട്ടുണ്ടോ എന്ന് സംശയിച്ചതിനാണല്ലോ സുജൂദു ചെയ്യുന്നത്. സംശയമുണ്ടാവുകയും ഒന്നും ഉറപ്പില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് സു ജൂദ് ചെയ്യുന്നതെങ്കിൽ അത് സലാം വീട്ടുന്നതിനു മുമ്പാണ് ചെയ്യേണ്ടത്. കാരണം, അതിൽ കുറവിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടല്ലോ. ഈ അഭിപ്രായം വഴി മുഴുവൻ ഹദീസുകളുടെയും അടിസ്ഥാനത്തിൽ കർമങ്ങൾ ചെയ്‌തവനായിത്തീരുകയും ശരിയായ ഖിയാസ് നടത്തിയതായി വരികയും ചെയ്യുന്നു. (മജ്മൂഅ് ഫതാവ ഇബ്നു തൈമിയ്യ മഅ തസ്വറുഫ്: 24/23)
നിസ്‌കാരത്തിലെ സുന്നത്തുകൾ മറന്നതിനാണ് സുജൂദ് ചെയ്യുന്നതെങ്കിൽ
നിസ്‌കാരത്തിലെ സുന്നത്തുകൾ മറന്നതിനും സുജൂദുകൾ ചെയ്യേണ്ടതാണ്.
عَنْ ثَوْبَانَ h، أَنَّ رَسُولَ اللهِ ﷺ قَالَ: «لِكُلِّ سَهْوٍ سَجْدَتَانِ»
حسن؛ (أبوداود: 1025، ابن ماجه: 1219)
ഥൗബാൻ h നിവേദനം: നബി ﷺ പറഞ്ഞു: “നിസ്‌കാരത്തിലെ മറവികൾക്കെല്ലാം സുജൂദ് ചെയ്യേണ്ടതാണ്.”
എന്നാല്‍, അത് ഫർദ് ഉപേക്ഷിച്ചതിനു ചെയ്യേണ്ടതു പോലെയുള്ള നിർബന്ധമായ സുജൂദല്ല, സുന്നത്ത് മാത്രമായിരിക്കും. (അസ്സൈലുൽ ജറാർ: 1275)