صلاة الكسوف
ഗ്രഹണ നിസ്‌കാരം
സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ സംഭവിച്ചാൽ നിസ്‌കാരത്തിനു വേണ്ടി ഒരുമിച്ചു കൂടാൻ ആളുകളെ അറിയിക്കൽ സുന്നത്താകുന്നു.
عبدِ اللهِ بنِ عمروٍ قال: «لما كسَفَتِ الشمسُ عَلَى عهدِ رسولِ اللهِ ﷺ نُودِيَ: إِنَّ الصلاةَ جامِعةٌ». (متفق عليه، البخاري: 1045، مسلم: 910)
അബ്ദില്ലാഹിബിൻ അംറ് h നിവേദനം: “നബി ﷺയുടെ ജീവിത കാലത്തൊരിക്കൽ ചന്ദ്രഗ്രഹണമുണ്ടായി. നിസ്‌കാരത്തിലേക്കു വരാൻ ആളുകളോട് വിളിച്ചു പറയാൻ നബി ﷺ നിർദ്ദേശിക്കുകയുമുണ്ടായി.”
ജനങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടിയാൽ അവരെയും കൂട്ടി താഴെ പറയുന്ന രൂപത്തിൽ രണ്ടു റക്അത്ത് നിസ്‌കരിക്കൽ സുന്നത്താകുന്നു.
عَنْ عَائِشَةَ ، زَوْجِ النَّبِيِّ ﷺ. قَالَتْ: خَسَفَتِ الشَّمْسُ فِي حَيَاةِ رَسُولِ اللهِ ﷺ. فَخَرَجَ رَسُولُ اللهِ ﷺ إِلَىٰ الْمَسْجِدِ. فَقَامَ وَكَبَّرَ وَصَفَّ النَّاسُ وَرَاءَهُ. فَاقْتَرَأَ رَسُولُ اللهِ ﷺ قِرَاءةً طَوِيلَةً. ثُمَّ كَبَّرَ فَرَكَعَ رُكُوعاً طَوِيلاً. ثُمَّ رَفَعَ رَأْسَهُ فَقَالَ: «سَمِعَ اللهُ لِمَنْ حَمِدَهُ. رَبَّنَا وَلَكَ الْحَمْدُ». ثُمَّ قَامَ فَاقْتَرَأَ قِرَاءَةً طَوِيلَةً. هِيَ أَدْنَىٰ مِنَ الْقِرَاءَةِ الأُولَىٰ. ثُمَّ كَبَّرَ فَرَكَعَ رُكُوعاً طَوِيلاً. هُوَ أَدْنَىٰ مِنَ الرُّكُوعِ الأَوَّلِ. ثُمَّ قَالَ: «سَمِعَ اللهِ لِمَنْ حَمِدَهُ. رَبَّنَا وَلَكَ الْحَمْدُ» ثُمَّ سَجَدَ ثُمَّ قَالَ فِي الرَّكْعَةِ الآخِرَةِ مِثْلَ ذَلِكَ، فَاسْتَكْمَلَ أَرْبَعَ رَكَعَاتٍ فِي أَرْبَعِ سَجَدَاتٍ، وَانْجَلَتِ الشَّمْسُ قَبْلَ أَنْ يَنْصَرِفَ. (متفق عليه، البخاري: 1046، مسلم: 901، أبوداود: 1167)
ആയിശ നിവേദനം: “നബി ﷺയുടെ കാലഘട്ടത്തിൽ സൂര്യഗ്രഹണം സംഭവിക്കുകയുണ്ടായി. നബി ﷺ പള്ളിയിലേക്കു പുറപ്പെടുകയും ആളുകൾ നബി ﷺയുടെ പിന്നിൽ അണിയായി നിൽക്കുകയും ചെയ്‌തു. നബി ﷺ തക്ബീർ ചൊല്ലി നിസ്‌കാരത്തിൽ പ്രവേശിച്ചു. ദീർഘമായി പാരായണം ചെയ്‌ത ശേഷം റുകൂഅ് ചെയ്‌തു. ദീർഘമായി റുകൂഇൽ നിന്ന ശേഷം سَمِعَ اللهُ لِمَنْ حَمِدَهُ എന്നു പറഞ്ഞു നേരെ നിവർന്നു നിന്നു. സുജൂദിലേക്ക് പോകാതെ ആദ്യത്തെയത്രയും സമയമെടുക്കാതെ വീണ്ടും ഖുർആൻ പാരായണം ചെയ്‌തു. പിന്നീട് റുകൂഅ് ചെയ്‌തു. ഒന്നാമത്തെ പ്രാവശ്യത്തിലും അൽപം ചുരുക്കിയായിരുന്നു രണ്ടാമത്തേതിൽ പാരായണവും റുകൂഉും നിർവ്വഹിച്ചത്. പിന്നീട് سَمِعَ اللهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ എന്നു ചൊല്ലി ഇഅ്തിദാലും ശേഷം സുജൂദും നിർവ്വഹിക്കുകയുണ്ടായി. ശേഷം രണ്ടാമത്തെ റക്അത്തും ആദ്യത്തെതു പോലെ നിർവ്വഹിച്ചു. നാലു റക്അത്തുകളിലായി നാലു സൂജൂദുകൾ നബി ﷺ നിർവ്വഹിക്കുകയുണ്ടായി. ശേഷം നിസ്‌കാരം അവസാനിപ്പിച്ചു. അപ്പോഴേക്കും ഗ്രഹണം മാറിയിരുന്നു.”
നിസ്‌കാരത്തിനു ശേഷം പ്രസംഗിക്കൽ
നിസ്‌കാരത്തിൽ നിന്നു വിരമിച്ചാൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചും തിന്മകളിൽ നിന്നു വിട്ടു നിൽകാൻ ഉപദേശിച്ചുമൊക്കെ ജനങ്ങളോടു പ്രഭാഷണം നടത്തൽ സുന്നത്താണ്.
ആയിശ നിവേദനം: “സൂര്യഗ്രഹണമുണ്ടായ സമയത്ത് നബി ﷺ നിസ്‌കരിക്കുകയും, ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിക്കുകയും ചെയ്‌തു: സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങളാകുന്നു. ആരുടെയെങ്കിലും മരണം കാരണമായോ ജനനം മൂലമോ അവയെ ഗ്രഹണം ബാധിക്കുകയില്ല. അതിനാൽ, ഗ്രഹണമുണ്ടായാൽ നിങ്ങൾ നിസ്‌കാരത്തിലേക്കു വരിക.”
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ، أَنَّ النَّبِيَّ ﷺ «أَمَرَ بِالْعَتَاقَةِ فِي كُسُوفِ الشَّمْسِ» صحيح؛ (البخاري: 1045)
അസ്‌മാഅ് പറഞ്ഞു: “സൂര്യഗ്രഹണമുണ്ടായാൽ (പുണ്യകർമ്മമെന്ന നിലയിൽ) അടിമകളെ മോചിപ്പിക്കാൻ നബി ﷺ ഉപദേശിക്കാറുണ്ടായിരുന്നു.”
عَنْ أَبِي مُوسَىٰ h، قَالَ: خَسَفَتِ الشَّمْسُ فِي زَمَنِ النَّبِيِّ ﷺ. فَقَامَ فَزِعاً يَخْشَىٰ أَنْ تَكُونَ السَّاعَةُ. حَتَّىٰ أَتَى الْمَسْجِدَ. فَقَامَ يُصَلِّي بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ. مَا رَأَيْتُهُ يَفْعَلُهُ فِي صَلاَةٍ قَطُّ. ثُمَّ قَالَ: «إِنَّ هٰذِهِ الآيَاتِ الَّتِي يُرْسِلُ اللهُ، لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ. وَلٰكِنَّ اللّهَ يُرْسِلُهَا يُخَوِّفُ بِهَا عِبَادَهُ. فَإِذَا رَأَيْتُمْ مِنْهَا شَيْئاً فَافْزَعُوا إِلَىٰ ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ» (متفق عليه، البخاري: 1059، مسلم: 912)
അബൂമൂസ അൽ അശ്അരി h നിവേദനം: “നബി ﷺയുടെ കാലഘട്ടത്തിൽ സൂര്യഗ്രഹണമുണ്ടായി. അന്ത്യദിനം സമാഗതമാവുകയാണോ എന്ന ഭയപ്പാടോടെ നബി ﷺ എഴുന്നേറ്റു പള്ളിയിലേക്കു ചെന്നു. ദീർഘമായി ഖിയാമും സൂജൂദും റുകൂഉമൊക്കെ ചെയ്‌തു നിസ്‌കരിച്ചു. അവിടുന്ന് പറഞ്ഞു: (സൂര്യ–ചന്ദ്ര) ഗ്രഹണങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. ആരുടെയെങ്കിലും മരണം കാരണമായോ ജനനം മൂലമോ അല്ല സംഭവിക്കുന്നത്, അല്ലാഹു അവ മുഖേന തന്റെ അടിമകളെ ഭയപ്പെടുത്തുന്നതാണതെല്ലാം. അതിനാൽ അവ സംഭവിച്ചാൽ നിങ്ങൾ ദൈവിക സ്‌മരണയിലേക്കും നിസ്‌കാരത്തിലേക്കും ധൃതിയിൽ കടന്നു വരിക.”
ഹദീസിൽ വന്നിട്ടുള്ള ധ്യതിപ്പെട്ടു വരിക എന്ന കൽപനയുടെ ബാഹ്യാർത്ഥ പ്രകാരം ഗ്രഹണ നിസ്‌കാരം നിർബന്ധമാണെന്നു വരുന്നു. ആ രൂപത്തിലാണ് ഇമാം ഇബ്‌നു ഖുസൈമ, അബൂഅവാന തുടങ്ങിയ പണ്ഡിതന്മാർ തങ്ങളുടെ ഹദീസു ഗ്രന്ഥങ്ങളിൽ അദ്ധ്യായങ്ങൾക്കു പേരുകൾ നൽകിയിരിക്കുന്നതും.
ഇബ്നു ഹജർ അസ്ഖലാനി പറഞ്ഞു: “ഭൂരിപക്ഷം പണ്ഡിതന്മാരും ഗ്രഹണ നിസ്‌കാരം ശക്തമായ സുന്നത്താണെന്ന അഭിപ്രായക്കാരാണ്.അബൂഅവാന അത് ഖണ്ഠിതമായി പറയുകയും ചെയ്‌തിട്ടുണ്ട്. മറ്റാരെങ്കിലും അത് നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടതായി എനിക്കറിയില്ല. ഇമാം മാലികിൽ നിന്നു ജുമുഅയുടെ വിധി തന്നെയാണ് ഗ്രഹണ നിസ്‌കാരത്തിനുമെന്നു ഉദ്ധരിക്കപ്പെടുന്നുണ്ട്. സൈൻ ഇബ്നു അൽ മുനയ്യിർ അബൂഹനീഫയിൽ നിന്നും അത് നിർബന്മാണെന്ന് ഉദ്ധരിച്ചിട്ടുണ്ട്. ചില ഹനഫീ ഗ്രന്ഥങ്ങളിലും നിർബന്ധമാണെന്ന് പ്രസ്‌താവിച്ചതായി കാണാം.” (തമാമുൽ മിന്ന– അൽബാനി: ൨൬൧)
✦✦✦



